മോദി പരാമർശം; കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം തുടരും

ഗാന്ധിനഗർ: മോദി പരാമർശത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ കോടതി വാദം തുടരും. ഗുജറാത്ത് ഹൈക്കോടതിയിലാണ് കേസിന്റെ വാദം നടക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രചാക് ആണ് രാഹുലിന്റെ റിവ്യൂ പെറ്റീഷൻ കഴിഞ്ഞ ദിവസം പരിഗണിച്ചത്. പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ സ്ഥാനം മറന്നു കൂടായെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, മെയ് രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും.

അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിയ്ക്ക് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് സമർപ്പിച്ചത്. രാഹുലിനെതിരായ വിധി ഗുജറാത്ത് ഹൈക്കോടതി സസ്പെൻഡ് ചെയ്താൽ രാഹുലിന് ലോക്സഭാ എം.പി. സ്ഥാനം പുന:സ്ഥാപിച്ചുകിട്ടാൻ വഴിയൊരുങ്ങും.

മോദി പരാമർശവുമായി ബന്ധപ്പെട്ട് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തിയതും രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതും. ഈ വിധി സേറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം രാഹുൽ സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി നടപടി ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിരിക്കുന്നത്.

സൂറത്ത് കോടതി രണ്ടുവർഷം തടവു വിധിച്ചതോടെയാണ് രാഹുലിന് എം പി സ്ഥാനം നഷ്ടമായത്.