സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയ ഉണ്ടാകില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി പരിഹരിക്കാനുള്ളത് ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്‌നങ്ങളാണ്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ല. സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സേവനം ഓരോ പൗരന്റെയും അവകാശമാണ്. സർക്കാർ ഓഫീസുകളിൽ എത്തുന്നവരോട് ഔദാര്യമോ കാരുണ്യമോ അല്ല കാട്ടേണ്ടത്. കേരളം അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.