വന്ദേഭാരതില്‍ ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേരെ റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു.

താവളം ആനക്കല്‍ സെന്തില്‍ കുമാര്‍(31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ(44), നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍(19), കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ്(19), കുട്ടാല മുട്ടിച്ചിറ എം. കിഷോര്‍കുമാര്‍(34) എന്നിവരാണ് അറസ്റ്റിലായത്. അനുമതിയില്ലാതെ സ്റ്റേഷനില്‍ പ്രവേശിച്ചത്, പോസ്റ്റര്‍ പതിക്കല്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.ഇവരെ റെയില്‍വേ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതികളില്‍ നിന്ന് 1000 രൂപ പിഴയും ഈടാക്കി.

കേരളത്തില്‍ വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസം ട്രെയിന്‍ ഷോര്‍ണൂരില്‍ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്‍ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.