തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികൂല സാഹചര്യത്തിലാണ് പ്രവർത്തനം. വളർത്തു മൃഗത്തെ കൈകാര്യം ചെയ്യുന്ന പോലെ വന്യമൃഗത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കേന്ദ്രങ്ങൾ തെറ്റായ പ്രചാരണത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്‌നിച്ചു. കേരളത്തിലെ വനംവകുപ്പ് ഇന്ത്യയ്ക്കാകെ മാതൃക. ദേശീയ നേതാക്കൾ കാര്യങ്ങൾ അറിയാതെ വിമർശിച്ചുവെന്നും വനംമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഒരിഞ്ച് വനഭൂമി കുറഞ്ഞിട്ടില്ല. ദൗത്യം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് നിർദേശം. എങ്ങോട് മാറ്റുമെന്ന് പറയാൻ പറ്റില്ല. കോടതി പോലും തീവ്ര നിലപാട് അംഗീകരിച്ചു. വന്യ ജീവികളെ സ്‌നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്നവരുടെ പ്രയാസവും സർക്കാരിന് മുന്നിൽ ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

