രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കുന്നു; പിന്തുണയുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന രാപകൽ സമരത്തിന് പിന്തുണ നൽകി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടിയാവശ്യപ്പെട്ടാണ് ഡൽഹിയിൽ ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ജന്തർ മന്ദറിലെ സമരവേദി കെജ്രിവാൾ സന്ദർശിക്കുകയും ചെയ്തു.

സമരം ചെയ്യുന്ന താരങ്ങളെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് കെജ്രിവാൾ അറിയിച്ചു. കേന്ദ്രസർക്കാർ ബ്രിജ് ഭൂഷൺ സിങ്ങിനെ സംരക്ഷിക്കുകയാണ്. ബി.ജെ.പി എം.പിക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ ഗുസ്തി താരങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കർഷക നേതാവ് രാകേഷ് ടികായത്, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, ഖാപ് പഞ്ചായത്ത് നേതാക്കൾ, സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങിയവരും ജന്തർ മന്തർ സന്ദർശിച്ച് ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകി.