പ്രതിപക്ഷ കക്ഷികളുടെ യോഗം പട്‌നയിൽ സംഘടിപ്പിക്കും; നിതീഷ് കുമാർ

പട്‌ന: പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം പട്‌നയിൽ ചേരും. കർണാടക തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും യോഗം ചേരുക. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ചില നേതാക്കൾ കർണാടക നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലാണ്. പ്രതിപക്ഷ കക്ഷികളുടെ യോഗം പട്‌നയിൽ സംഘടിപ്പിക്കാൻ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ മുന്നണി രൂപീകരണത്തിനു യോഗത്തിൽ ധാരണയുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭം ബിഹാറിൽ ആരംഭിച്ച മാതൃകയിൽ പട്‌നയിൽ നേതൃയോഗം സംഘടിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു ബിജെപി ഇതര കക്ഷികളെയെല്ലാം മുന്നണിയുടെ ഭാഗമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.