ന്യൂഡൽഹി: രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിനാണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം നോട്ടീസ് നൽകുന്നതിന് മുമ്പ് ഉപരാഷ്ട്രപതി കേട്ടിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 20-ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലാണ് അമിത് ഷായ്ക്ക് എതിരെ ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ബ്രിട്ടാസിന്റെ ലേഖനം വലിയ തോതിൽ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവർത്തനത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് സുധീർ, രാജ്യസഭാ ചെയർമാന് പരാതി നൽകുകയായിരുന്നു. ഭാവിയിൽ ഇത്തരം ധ്രുവീകരണം സൃഷ്ടിക്കുന്ന ലേഖനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ തനിക്ക് എതിരെ പരാതി നൽകിയത് വിചത്രമായ സംഭവമാണെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് താൻ ലേഖനം എഴുതിയത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്റെ പേരിലുള്ള നടപടി അദ്ഭുതപ്പെടുത്തുന്നത് ആണെന്നും അദ്ദേഹം പ്രതികരിച്ചു.

