ന്യൂഡല്‍ഹി: നേരത്തെ നല്‍കിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. എന്നാല്‍, 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാര്‍ച്ച് 29ന് അനുവദിച്ചിരുന്നു.
അകേസമയം, 2021-22ലെ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ഹിതേഷ് കുമാര്‍ എസ്.മക്വാന ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. 2022-23ലെ കേന്ദ്രവിഹിതമായ 66 കോടി രൂപ ഇതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ധനകാര്യകമ്മീഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ 75 ശതമാനവും മലയോര മേഖലകളിലുള്ള പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്ര വിഹിതമാണ്. മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് ഓരോ സംസ്ഥാനങ്ങള്‍ക്കും രണ്ടു ഗഡുക്കളായി മുന്‍കൂറായി എസ്.ഡി.ആര്‍.എഫ് വിഹിതം നല്‍കാറുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ ഉപയോഗത്തിനായി ലഭ്യമായിട്ടുള്ള എസ്.ഡി.ആര്‍.എഫില്‍ നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്. ഈ ഫണ്ടാണ് ഇപ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത്.

