വാഷിംഗ്ടൺ: യുഎസിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പൽ ഇറാൻ നാവിക സേന പിടിച്ചെടുത്തു. 24 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉൾപ്പെട്ട കപ്പലാണ് പിടിച്ചെടുത്തതെന്നാണ് വിവരം. അഡ്വാന്റേജ് സ്വീറ്റ് എന്ന് കപ്പലാണ് ഒമാൻ ഉൾക്കടൽ ഭാഗത്ത് വെച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തത്. ഇറാൻ നാവിക സേന പിടിച്ചെടുത്ത കപ്പൽ ഏതാണെന്ന് തിരിച്ചറിഞ്ഞത്. യുഎസ് നാവികസേനയുടെ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്ളീറ്റാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാൻ തലസ്ഥാന നഗരത്തിന് വടക്കുള്ള ഒമാൻ ഉൾക്കടലിലിലൂടെയാണ് കപ്പൽ നീങ്ങിക്കൊണ്ടിരുന്നതെന്നാണ് ഉപഗ്രഹ വിവരങ്ങൾ നിന്നും വ്യക്തമാകുന്നത്. കുവൈത്തിൽ നിന്ന് വന്ന കപ്പൽ യുഎസിലെ ഹൂസ്റ്റൺ ലക്ഷ്യമിട്ടാണ് യാത്ര ചെയ്തിരുന്നതെന്നും വിവരങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. അന്താരാഷ്ട്ര അതിർത്തി പിന്നിടവെയാണ് ഇറാൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഇറാനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിട്ടുള്ളത്. ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും ഈ നടപടി വിഘാതം സൃഷ്ടിക്കുന്നുവെന്നും ഫിഫ്ത് ഫ്ളീറ്റ് പ്രതിനിധികൾ വിമർശിച്ചു. എത്രയും പെട്ടെന്ന് കപ്പലിനെ മോചിപ്പിക്കണമെന്നും ഇറാനോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

