ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഡൽഹി കൊണാട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിൽ ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പ് ഉൾപ്പെടെ ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.
ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. പരാതി നൽകി ഏഴു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡൽഹി പോലീസ് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ഗുസ്തി താരങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ ഹർജി സുപ്രീം കോടതി പരിഗണിക്കവെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. അതേസമയം, പരാതി നൽകിയ താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകാനും മറ്റ് പരാതിക്കാരുടെ സുരക്ഷാ പ്രശ്‌നം ഡൽഹി പോലീസ് കമ്മീഷണർ വിലയിരുത്തി തീരുമാനിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

