തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്ത്.
‘കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാര്‍ദ്ദത്വ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ്. സിനിമ നിരോധിക്കണമെന്ന് ആവശ്യം പരിശോധിക്കേണ്ടതാണ്. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. മൂന്ന് സാര്‍വദേശീയ മതങ്ങളെ കേരളത്തെ പോലെ വിന്യസിക്കപ്പെട്ട ഒരു ഇടവും ലോകത്തില്ല. നീക്കത്തെ കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കും.
അതേസമയം, റിലീസിന് മുന്‍പ് തന്നെ വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ ആയിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

