വന്ദേ ഭാരത് എക്‌സ്പ്രസ്സ് സർവീസിനെ ഏറ്റെടുത്ത് കേരളം; ആദ്യ യാത്രയിൽ ലഭിച്ചത് 20 ലക്ഷത്തോളം രൂപയുടെ വരുമാനം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ്സ് സർവീസിനെ ഏറ്റെടുത്ത് കേരളം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്രയിൽ 20 ലക്ഷത്തോളം രൂപയാണ് റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്. ഏപ്രിൽ 26ന് കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

പ്രാഥമിക കണക്കുകളിൽ നിന്ന് തന്നെ വന്ദേ ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്. അതേസമയം വന്ദേഭാരതിന്റെ പൂർണ്ണതയുള്ള സർവീസിന് ഇന്ന് തുടക്കമായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20നാണ് വന്ദേ ഭാരതത്തിന്റെ സർവീസ് പുറപ്പെടുക. കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് 2 30 നും സർവീസ് ആരംഭിക്കും.

അത്യാധുനിക സംവിധാനങ്ങളുള്ള വന്ദേ ഭാരത് ട്രെയിനിൽ 16 കോച്ചുകൾ ആണുള്ളത്. മണിക്കൂറിൽ 160 കിലോമീറ്റർ ആണ് ട്രെയിനിന്റെ വേഗം. വിമാനങ്ങളിലേത് പോലുള്ള സീറ്റുകളാണ് മറ്റൊരു സവിശേഷത. സീറ്റുകൾ പുറകിലേക്ക് റിക്ലയിൻ ചെയ്യാനും കഴിയും. വന്ദേ ഭാരത് യാത്രക്കാർക്ക് വൈഫൈ സൗകര്യവും ലഭ്യമാണ്.