മാതാപിതാക്കൾ നിയമം പാലിക്കുന്നത് നിർബന്ധമാണ്; ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കൾ നിയമം പാലിക്കുന്നത് നിർബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണെന്നും അസൗകര്യമുണ്ടെങ്കിൽ ഹെൽമറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളിൽ ഒരുക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സർക്കാരിന്റെ മുന്നിലുള്ള പ്രശ്നം എല്ലാവരുടേയും ജീവൻ സംരക്ഷിക്കുക എന്നുള്ളതാണ്. നിയമങ്ങൾ കർശനമാക്കുമ്പോൾ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. ഒരു ബൈക്കിൽ മൂന്നും നാലും കുട്ടികളെ കൊണ്ടു പോകാൻ പറ്റില്ല. സ്‌കൂൾ വാഹനങ്ങൾ പരിശോധിക്കാൻ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ അനുവദനീയമായ വിദ്യാർഥികളെ മാത്രമെ കയറ്റാൻ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.