കുട്ടിക്കാലത്തെ ഹീറോയോടുള്ള ബഹുമാനം നഷ്ടമായി; പി ടി ഉഷക്കെതിരെ വിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ

ന്യൂഡൽഹി: പി ടി ഉഷക്കെതിരെ വിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ. ജന്ദർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കെതിരെ നടത്തിയ പി ടി ഉഷ നടത്തിയ പരാമർശത്തിനെതിരെയാണ് ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ രംഗത്തെത്തിയത്. കുട്ടിക്കാലത്തെ ഹീറോയോടുള്ള ബഹുമാനം നഷ്ടമായെന്ന് സ്വാതി മാലിവാൾ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു സ്വാതിയുടെ പ്രതികരണം. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പി ടി ഉഷ വിമർശിക്കുന്ന വാർത്ത പങ്കുവെച്ചായിരുന്നു സ്വാതി പ്രതികരിച്ചത്.

അതേസമയം, സിപിഎം നേതാവ് പി കെ ശ്രീമതിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പി ടി ഉഷ പ്രസ്താവന പിൻവലിക്കണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. പി ടി ഉഷയും ഒരു അമ്മയും സ്ത്രീയുമാണ്. പെൺകുട്ടികൾ പരാതി പറയുമ്പോൾ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി അഭിപ്രായപ്പെട്ടു.

ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗിക പരാതിയിൽ നടപടി ആവശ്യപ്പെട്ട് കൊണ്ട് സമരം നടത്തിയ കായിക താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നായിരുന്നു പി ടി ഉഷയുടെ പരാമർശം. തെരുവിൽ സമരം ചെയ്യുന്നതിന് പകരം ഒളിംപിക് അസോസിയേഷനെയാണ് രാതിയുമായി സമീപിക്കേണ്ടിയിരുന്നതെന്നും പി ടി ഉഷ പറഞ്ഞിരുന്നു. പി ടി ഉഷയിൽ നിന്ന് പരുക്കൻ പ്രതികരണമല്ല മറിച്ച് പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ വ്യക്തമാക്കിയിരുന്നു.