മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദം; പ്രതികരണവുമായി മാമുക്കോയയുടെ മകൻ നിസാർ

തിരുവനന്തപുരം: മലയാള സിനിമ മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി മാമുക്കോയയുടെ മകൻ നിസാർ രംഗത്ത്. മാമുക്കോയയുടെ സംസ്‌കാര ചടങ്ങിൽ പ്രമുഖർ പങ്കെടുക്കാതിരുന്നതിൽ പരാതിയില്ലെന്ന് നിസാർ വ്യക്തമാക്കി. മാമുക്കോയയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഏതാനും സിനിമാപ്രവർത്തകർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിനെതിരെയാണ് വിവാദം ഉയർന്നത്. സംവിധായകൻ വി എം വിനുവാണ് ഇക്കാര്യം പരസ്യമായി ഉന്നയിച്ച് രംഗത്തെത്തിയത്.

എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വി എം വിനു വ്യക്തമാക്കിയത്. ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല തന്റെ പിതാവെന്ന് മാമുക്കോയയുടെ മകൻ അറിയിച്ചു. പലർക്കും പല തിരക്കുകളും ഉണ്ടാവും അത് മാറ്റിവച്ച് ആർക്കും വരാൻ കഴിയില്ല. തന്റെ പിതാവിന്റെ മരണത്തിൽ ഉണ്ടായ വിവാദം ഇതോടെ അവസാനിക്കണമെന്നും പിതാവിന് വേണ്ടി ഇനി പ്രാർത്ഥനകൾ മാത്രം മതിയെന്നും നിസാർ വെളിപ്പെടുത്തി.

അതേസമയം, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചുവെന്നും നിസാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.