തിരുവനന്തപുരം: എ.ഐ കാമറ സ്ഥാപിച്ചതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റലിജന്‍സ് ബ്യൂറോയും വിവര ശേഖണം തുടങ്ങി. പദ്ധതിയില്‍ തിരിമറി കണ്ടെത്തിയാല്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ഐ.ബിക്കാവും.
കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത എസ്.ആര്‍.ഐ.ടി കാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്വെയറുമുള്‍പ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നല്‍കിയത്. മൂന്ന് മെഗാപിക്‌സലിന്റെ 175, അഞ്ച് മെഗാപിക്‌സലിന്റെ 500 എ.ഐ കാമറകള്‍, നോപാര്‍ക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18% ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍. 2 വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതില്‍പ്പെടുന്നു. പ്രസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് കെല്‍ട്രോണിലെ ഉദ്യോഗസ്ഥയാണ്. എന്നാല്‍, ഉപകരാറുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്.
അതേസമയം, 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത് തിരിച്ചടിയായിട്ടുണ്ട്.

