തൊഴിലിൽ വീഴ്ച്ച; പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: തൊഴിലിൽ വീഴ്ച്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ചീഫ് ആർക്കിടെക്ടിനെതിരെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ടിനെതിരെയുമാണ് നടപടി ഉണ്ടായത്. ഇരുവരെയും സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

ഓഫീസ് ഭരണത്തിലും, പ്രവർത്തനത്തിലും ഗുരുതരമായ വീഴ്ചവരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. മന്ത്രി മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞ മാർച്ച് 23-ന് പൊതുമരാമത്ത് വകുപ്പിന്റെ ആർകിടെക്ട് വിങിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. മന്ത്രി എത്തിയ സമയത്ത് പല ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരായിരുന്നില്ല. 41 ജീവനക്കാരിൽ 14 പേർ മാത്രമാണ് കൃത്യ സമയത്ത് ഹാജരായത്.

ആർകിടെക്ട് വിങിലെ അനാസ്ഥ നേരിട്ട് മനസിലാക്കിയതോടെ ഓഫീസിലെ പ്രവർത്തനം പരിശോധിക്കാൻ മന്ത്രി വകുപ്പ് സെക്രട്ടറിയെയും പൊതുമരാമത്ത് വിജിലൻസിനെയും നിയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിൽ ഉൾപ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. ഇതിന് പുറമെ ജീവനക്കാരിൽ പലരും കൃത്യ സമയത്ത് ഹാജരാകാറില്ലെന്നും ബോധ്യപ്പെട്ടു. ഇതോടെയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു.