ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ആ വിഷം തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
അതേസമയം, ഖാർഗെയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് കോൺഗ്രസെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. കർണാടകത്തിൽ ബി ജെ പി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കർണാടകയിലെ ബി ജെ പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അഴിമതിയുടെ കൂടാരമാണ് കോൺഗ്രസെന്ന് അദ്ദേഹം വിമർശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.

