2030 ല്‍ ബഹിരാകാശത്ത് ഉപഗ്രഹക്കൂട്ടം സൃഷ്ടിക്കാന്‍ പദ്ധതിയിട്ട് ചൈന. ഇത് വഴി ഭാവി ചാന്ദ്രദൗത്യങ്ങളിലും അപരഗ്രഹദൗത്യങ്ങളിലും ഭൂമിയിലെ കണ്ട്രോള് സ്റ്റേഷനുകളിലേക്ക് ഒരു പാലം പോലെ പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നു.
ഈ ഉപഗ്രഹപാലത്തിന്റെ ആദ്യഘട്ടമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചൈനയുടെ നടന്നുകൊണ്ടിരിക്കുന്ന ചാന്ദ്രദൗത്യങ്ങളായ രാജ്യാന്തര ലൂണര്‍ റിസര്‍ച് സ്റ്റേഷനെ അടക്കം സഹായിക്കും. ക്വേക്കിയോ-2 എന്നറിയപ്പെടുന്ന ഈ ഭാവി ഉപഗ്രഹക്കൂട്ടത്തെ മാഗ്പൈ ബ്രിജ് എന്നും വിളിക്കുന്നു. മാഗ്പൈ പക്ഷികള്‍ നിര്‍മിച്ചതായി ചൈനീസ് ഇതിഹാസങ്ങളില്‍ പറയുന്ന ആകാശപ്പാലമാണ് ക്വേക്കിയോ-2.2024ല്‍ ആയിരിക്കും ഇതിന്റെ ഭാഗമായ ആദ്യ ഉപഗ്രഹം ബഹിരാകാശത്തെത്തുക. ചന്ദ്രന്റെ വിദൂരവശത്തെ പ്രാചീന മേഖലയില്‍ നിന്ന് ചന്ദ്രോപരിതല സാംപിളുകള്‍ ശേഖരിക്കാനായി ചാങ്ഇ-6 എന്ന ദൗത്യത്തെ ചൈന അതേവര്‍ഷം തന്നെ അയയ്ക്കുന്നുണ്ട്. ചന്ദ്രനില്‍ ഭാവിയില്‍ മനുഷ്യവാസം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിനു മുന്നോടിയായി 2026ല്‍ ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ധാതുശ്രോതസ്സുകളെപ്പറ്റി മനസ്സിലാക്കാനായി ചാങ്ഇ7 എന്ന ദൗത്യവും ചൈന വിടും.
അതേസമയം, 2028ലെ ചാങ്ഇ 8 ദൗത്യത്തോട് അനുബന്ധിച്ചാണ് ചന്ദ്രനില്‍ രാജ്യാന്തര ഗവേഷണനിലയം തുറക്കുക. റഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളും ഈ ദൗത്യത്തില്‍ ചൈനയ്ക്കൊപ്പമുണ്ട്. കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചൈനീസ് ശ്രമങ്ങളും തകൃതിയാണ്. 2030ല്‍ ചൈന ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യരെ അയയ്ക്കാനും പദ്ധതിയിടുന്നു. ഉപഗ്രഹപഥം സൃഷ്ടിക്കാനും ഒരുങ്ങും. 2040ല്‍ ഇതിന്റെ അടിസ്ഥാന ഘടന പൂര്‍ത്തിയാകും. 2050 ആകുന്നതോടെ ചൊവ്വ, വീനസ്, വലുപ്പമേറിയ മറ്റുഗ്രഹങ്ങള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തിയിലുള്ള പ്രപഞ്ചവസ്തുക്കള്‍ എന്നിവയില്‍ പര്യവേക്ഷണം നടത്തുന്ന പദ്ധതികള്‍ക്ക് സേവനങ്ങള്‍ നല്കുന്ന രീതിയില്‍ ഇതു വികസിക്കും.

