തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പദ്ധതിയുടെ മറവിൽ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോടികളുടെ കമ്മീഷൻ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായ പോലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടത്. സാങ്കേതിക പരിജ്ഞാനം ഉള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി നടപ്പിലാക്കരുത്. എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രഹസ്യമായി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമാകുന്നതിന് മുൻപ് അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെന്ന സർക്കാർ വാദവും അതിന് ബലം നൽകുന്ന വാർത്തയും ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്. അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട പദ്ധതിക്ക് സർക്കാരും മന്ത്രിസഭയും അനുമതി നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതുകൊട്ടിഘോഷിച്ച് വിജിലൻസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

