കോഴിക്കോട്: നടൻ മാമുക്കോയയ്ക്ക് വിട ചൊല്ലി കേരളം. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ മാമുക്കോയയുടെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുവന്നത്. നൂറുകണക്കിന് പേരാണ് മാമുക്കോയയ്ക്ക് അന്തിമോപചാരം അർപ്പിച്ചത്.
ഏപ്രിൽ 24 ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില അൽപം മുമ്പ് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അന്യരുടെ ഭൂമി എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് മാമുക്കോയയുടെ വിയോഗം.

