തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. കരടി മരിക്കാൻ കാരണം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണെന്നാണ് ഹർജിയിൽ പറയുന്നത്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ ഉൾപ്പെടെയുള്ളവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടു വെയ്ക്കുന്നു. അതേസമയം, കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പോസ്റ്റുമോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ കഴിയില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

