തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണമെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.
അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടുകയും ആറാം തീയതി മുതല്‍ മെയ് മാസത്തിലെ റേഷന്‍ വിതരണം തുടങ്ങുകയും ചെയ്യും. ഇ-പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാനായി ഇന്ന് 4 മണി വരെ കടകള്‍ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം പലയിടങ്ങളിലും തടസ്സപ്പെട്ടിരുന്നു. നാലു ദിവസമായി പാലക്കാട് റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന സ്ഥിതിയിലേക്ക് എത്തിയത്.

