തിരുവനന്തപുരം: സിനിമാ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
‘മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോര. പറയുന്നവര്‍ക്ക് അതിനെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ പേരുവിവരങ്ങള്‍ നല്‍കണം. അങ്ങനെ ചെയ്താല്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാര്‍ പരിശോധിക്കും. നിര്‍മാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് നടന്മാര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയത്. അതിനാല്‍ത്തന്നെ വിലക്ക് മുന്നോട്ടുപോകട്ടെ’- മന്ത്രി വ്യക്തമാക്കി.
അതേസമയം, സിനിമയില്‍ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തതിന് യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കാണ് ഇന്നലെ സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ നിഗം സിനിമയില്‍ അനാവശ്യമായി ഇടപെടുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു. സിനിമയില്‍ തനിക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കാണണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സെറ്റുകളില്‍ കൃത്യനിഷ്ഠ പാലിക്കുന്നില്ല. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഷെയ്നിന്റെ പെരുമാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, അഭിനയിക്കുന്ന സിനിമകള്‍ ഏതാണെന്നു പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ലെന്നും നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറല്ലെന്നും നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

