തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ ജനങ്ങളെ ധൃവീകരിച്ചും വർഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ സംയോജിപ്പിക്കുന്ന പ്രഗത്ഭരായ പ്രധാനമന്ത്രിമാരെ കാണുകയും കേൾക്കുകയും ചെയ്ത കേരളത്തിന് ഇതു നടാടെയുള്ള കയ്പേറിയ അനുഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി കേരളത്തിൽ പര്യടനം നടത്തിയത് സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂർണമായി അവഗണിച്ചും അപമാനിച്ചുമാണ്. പ്രധാനമന്ത്രിയുടെ പാർട്ടിയിലെ ഒരു നേതാവ് കർണാടകത്തിൽ ഇവരുടെ വോട്ടുവേണ്ടെന്നുപോലും തുറന്നടിച്ചു. അതു തന്നെയാണ് പ്രധാനമന്ത്രി ഇവിടെയും പറയാതെ പറഞ്ഞത്. മറ്റൊരു വിഭാഗത്തെ കണ്ടെങ്കിലും അവരുടെ ഇടയിലും വിഭജനം ഉണ്ടാക്കി ചിലരെ കാണാൻ കൂട്ടാക്കിയില്ല. ഒരു ബിജെപി നേതാവിന് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമെങ്കിലും ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത് അചിന്തനീയമാണെന്ന് അദ്ദേഹം വിമർശിച്ചു.
മതേതരത്വത്തെ തകർക്കാൻ ബിജെപി വർഷങ്ങളായി നടത്തുന്ന പരിശ്രമങ്ങളിൽ എണ്ണപകരാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇതിനെ ചെറുത്തുതോല്പിക്കാൻ കേരളത്തിൽ മതേതര, ജനാധിപത്യ ശക്തിയുണ്ടെന്ന് സംഘപരിവാരങ്ങൾ ഓർക്കണമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

