വന്ദേഭാരതില്‍ പോസ്റ്ററൊട്ടിച്ചത് ആരായാലും പാര്‍ട്ടി നടപടിയെടുക്കും; പാലക്കാട് എംപിക്ക് പങ്കില്ലെന്നും കെ. മുരളീധരന്‍

കോഴിക്കോട്: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന സര്‍വീസിനിടെ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചത് ശരിയായില്ലെന്ന് വടകര എംപി കെ മുരളീധരന്‍ പ്രതികരിച്ചു.

‘പാലക്കാട് എംപിക്ക് ഈ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പങ്കില്ല. പോസ്റ്ററൊട്ടിച്ചത് ആരായാലും പാര്‍ട്ടി നടപടിയെടുക്കും. വന്ദേ ഭാരത് എക്‌സ്പ്രസിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടും. വയനാട് റെയില്‍വേ ലെയ്‌നില്ല. അവരെ ഉള്‍ക്കൊള്ളണം. അവര്‍ ആവശ്യപ്പെടുന്ന ഒരു റെയില്‍വേ ലെയ്‌നും ഇതുവരെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണം. കൂര്‍ഗിലേക്ക് കൂടി എത്താനുള്ള എല്ലാ സൗകര്യവും നോക്കിയിട്ടാണ് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കും. എഐ ക്യാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും. നാളെ യുഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. സാധാരണ ക്യാമറ വെക്കുന്നത് കള്ളനെ പിടിക്കാനാണ്. ഇവിടെ ക്യാമറ വെച്ചിട്ട് മോഷ്ടിക്കുകയാണ് ചെയ്യുന്നത്. കെല്‍ട്രോണിന് എന്തിനാണ് കരാര്‍ നല്‍കിയത്. കെല്‍ട്രോണിന്റെ പല വര്‍ക്കിനും ഗുണമില്ല. ടെന്‍ഡര്‍ മറിച്ചുകൊടുക്കുക എന്നത് കെല്‍ട്രോണിന് പതിവാണ്. ഈ സ്ഥാപനം കേരളത്തിലെ വെള്ളാനയായി മാറിയിരിക്കുകയാണ്. എല്ലാത്തിന്റേയും കോണ്‍ട്രാക്ട് വാങ്ങി സബ് കോണ്‍ട്രാക്ട് കൊടുക്കുക. ഹൈ മാസ്റ്റ് ലൈറ്റില്‍ പോലും ഇതാണ് നടത്തിയത്. കെ റെയില്‍ ഇനി നിര്‍ത്തുകയാണ്. മുഖ്യമന്ത്രി ഇന്നലെ നല്ല കുട്ടിയായിട്ടാണ് പ്രധാനമന്ത്രിയുള്‍പ്പെട്ട ചടങ്ങില്‍ പങ്കെടുത്തത്. സില്‍വര്‍ ലൈന്‍ എന്ന ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയില്ല. നടക്കില്ല എന്ന് അറിയാം. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അന്തര്‍ധാരയുണ്ട്. പ്രധാനമന്ത്രി മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് അന്വേഷിക്കേണ്ടത് ആരാണ്. സ്വര്‍ണകള്ളക്കടത്തിന്റെ കാര്യം ഞങ്ങള്‍ പറഞ്ഞപ്പോള്‍ കേന്ദ്രം അനേഷണത്തിന്റെ എവിടേയും എത്തിയില്ല. കേരളത്തില്‍ ചിലര്‍ സ്വര്‍ണം കടത്തുന്നുവെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അതില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്രമാണ്. തെറ്റ് ചെയ്യുന്നത് പോലെ തന്നെ ശിക്ഷാര്‍ഹമാണ് തെറ്റ് മറച്ചുവെക്കുന്നതും. ഇവരുടെ അന്തര്‍ധാര പുറത്തുവരും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം വന്ദേ ഭാരത് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തില്‍ പാലക്കാട് എസ്പിക്ക് പരാതി നല്‍കുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി അറിയിച്ചു. സ്ത്രീകളടക്കമാണ് സൈബറാക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.