വാട്ടര്‍ മെട്രോ: അറിയേണ്ടതെല്ലാം…

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍മെട്രോ സംവിധാനവും, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത വാട്ടര്‍ മെട്രോ. അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗമേറിയതുമായ പൊതുഗതാഗത സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമാണ് കൊച്ചി മെട്രോ. കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റേയും കമ്പനിയെ വൈവിധ്യവല്‍കരണത്തിലൂടെ ലാഭത്തിലെത്തിക്കുന്നതിനും വേണ്ടിയാണ് വാട്ടര്‍ മെട്രോ അവതരിപ്പിക്കുന്നത്.

അതേസമയം, ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളില്‍ കാത്തിരിക്കുന്നത് തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ്. യാത്രക്കുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വണ്‍കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമുള്ള സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ വരും.

അലുമിനിയം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകള്‍ കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണശാലയാണ് തയ്യാറാക്കുന്നത്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (എല്‍.ടി.ഒ.) ബാറ്ററികള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കുന്നവയാണ്. വേഗത്തില്‍ ചാര്‍ജുചെയ്യാനാവുകയും ചെയ്യും. സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്ററില്‍ (ഒ.സി.സി.)നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുള്‍പ്പെടെ ബോട്ടുകളുമായി ഒരേ ലെവലില്‍ നില്‍ക്കാന്‍ കഴിയുന്ന ഫ്ളോട്ടിങ് പോണ്ടൂണുകള്‍ ബോട്ടിലുണ്ട്. ആദ്യഘട്ടത്തില്‍ത്തന്നെ വാട്ടര്‍ മെട്രോയിലൂടെ പ്രതിദിനം 34,000 പേര്‍ക്ക് യാത്ര ചെയ്യാനാവും. 747 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. 38 ജെട്ടികളും 78 അത്യാധുനിക ബോട്ടുകളുമായി 76 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്താനൊരുങ്ങുകയാണ് വാട്ടര്‍ മെട്രോ. ഇതിനായി 8 ബോട്ടുകള്‍ സര്‍വീസിനു ലഭിച്ചുകഴിഞ്ഞു.