വന്ദേമെട്രോ ട്രെയിനുകൾ അടുത്ത വർഷം പരീക്ഷണയോട്ടം നടത്തും; കെ റെയിലിൽ അന്തിമ തീരുമാനം സർക്കാരുമായി ആലോചന നടത്തിയ ശേഷമെന്ന് റെയിൽവേ മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണയോട്ടം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലും അനുയോജ്യ റൂട്ടിൽ വന്ദേ മെട്രോ ട്രെയിനുകൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ചെയർകാർ സർവിസ്, സ്ലീപ്പർ സർവിസ്, വന്ദേ ഭാരത് മെട്രോ സർവിസ് എന്നിങ്ങനെ രാജ്യത്ത് മൂന്നുതരം വന്ദേ ഭാരത് സർവിസുകളാണ് നടപ്പാക്കുക. ഇതിൽ കുറഞ്ഞ ദൂരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ വന്ദേ ഭാരത് മെട്രോ ഉടൻ യാഥാർഥ്യമാക്കുമെന്നും ഇതിന്റെ രൂപകൽപനയും നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

കേരളത്തിലെ 34 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കും. നേമം ഉൾപ്പെടെ സ്റ്റേഷനുകളിലെ പാളങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളും ടെർമിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നേമം സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചേ സ്വീകരിക്കൂ. പാരിസ്ഥിതികവും സാങ്കേതികവുമായ തടസ്സങ്ങൾ പരിഹരിച്ചാലേ സിൽവർ ലൈൻ പദ്ധതിയിൽ തീരുമാനം കൈക്കൊള്ളാനാകൂവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.