വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വിന്റോ ഗ്ലാസിന് മുകളിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചു

പാലക്കാട്: സംസ്ഥാനത്ത് സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വിന്റോ ഗ്ലാസിന് മുകളിൽ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ പോസ്റ്റർ പതിപ്പിച്ചു. ശ്രീകണ്ഠൻ എംപിയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററാണ് പതിപ്പിച്ചിരുന്നത്. പാലക്കാട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ റെയിൽവെ പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കി.

ആദ്യഘട്ടത്തിൽ ഷൊർണൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുണ്ടായിരുന്നില്ല. പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം.പി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ട് ഷൊർണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ചയാണ് വന്ദേഭാരത് സർവ്വീസിന്റെ ഉദ്ഘാടനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.

അതേസമയം, വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ എം പി പ്രതികരിച്ചു. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്നും പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.