ഖാർത്തൂം: ആഭ്യന്തര സൈനിക കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷാദൗത്യം ആരംഭിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 500-ഓളം ഇന്ത്യക്കാർ നിലവിൽ സുഡാനിലെ പോർട്ടിലെത്തിച്ചേർന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. വ്യോമ, നാവിക സംവിധാനങ്ങൾ ഇവരെ തിരികെ രാജ്യത്തെത്തിക്കാൻ തയ്യാറണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ‘ഓപ്പറേഷൻ കാവേരിക്ക്’ നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേക്ക് പോയി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യാത്ര.
ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു.
വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി മുരളീധരനെ ഏൽപ്പിച്ചതായി പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്.

