കൊച്ചി: കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന പരിപാടിയാണ് യുവം പരിപാടിയെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി ഇവിടെവന്ന് കേരളത്തിലെ യുവാക്കളുടെ ഒരു പരിഛേദവുമായി സംസാരിക്കുന്നു. അവരിലെത്ര പേർക്ക് സംസാരിക്കാൻ പറ്റും എന്നത് പ്രോട്ടോക്കോളൊക്കെ വച്ച് നിങ്ങൾക്ക് അറിയാവുന്നതല്ലേയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം തന്നെ ധാരാളമാണ്. ഇവിടെ ചില കുത്തിത്തിരുപ്പുകളൊക്കെയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ വക ഒരു വിശദീകരണവും കൂടി കാണും. പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് അദ്ദേഹം രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നു. അത് അദ്ദേഹത്തിന്റെ അവകാശമാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയുടെയും അവകാശമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

