ഭീതി പടര്‍ത്തി ‘അരിക്കൊമ്പന്‍’; തിരുവനന്തപുരത്ത് പുനരധിവസിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ പിടികൂടിയ ശേഷം തിരുവനന്തപുരം നെയ്യാര്‍, പേപ്പാറ, അഗസ്ത്യവനം മേഖലകളില്‍ എവിടെയെങ്കിലും പുനരധിവസിപ്പിക്കാന്‍ വനം വകുപ്പ് ഉന്നതതല ആലോചന. അരിക്കൊമ്പനെ പുനരധിവസിപ്പിക്കുന്ന സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാല്‍ പുതിയ സ്ഥലത്തേക്ക് മാറ്റാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇടുക്കിയിലെ പെരിയാര്‍ മേഖല വനം വകുപ്പിന്റെ പരിഗണനയിലുണ്ട്. എന്നാല്‍, ചിന്നക്കനാലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പനെ ഇടുക്കിയിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ഉചിതമല്ലെന്നും ഇത് ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിക്കുമെന്ന അഭിപ്രായവും വനം വകുപ്പ് വിലയിരുത്തുന്നതിനാലാണ് തിരുവനന്തപുരത്ത് നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് അടുത്തുള്ള സ്ഥലങ്ങള്‍ അരിക്കൊമ്പനെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വനം വകുപ്പ് പരിഗണിച്ചത്. അഗസ്ത്യാര്‍ വനമേഖലയും പരിഗണനയിലുണ്ട്. എന്നാല്‍, അരിക്കൊമ്പനെ തിരുവനന്തപുരത്ത് പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് വനം വകുപ്പ് പറഞ്ഞു.

അരിക്കൊമ്പനെ പുനരധിവസിപ്പിക്കാനുള്ള സ്ഥലങ്ങളെക്കുറിച്ച് മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കാനാണു ഹൈക്കോടതി നിര്‍ദേശം. കേസ് അടുത്ത മാസം 3 ന് വീണ്ടും പരിഗണിക്കും. പാലക്കാട്ടെ പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കില്‍ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നത്.