എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് കേസ് മാറ്റിവെച്ചത്.

ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞിരുന്നു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. സ്വയം കാരണം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് സി ടി രവി കുമാറിന്റെ പിന്മാറ്റം.

ലാവലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ സുപ്രീം കോടതി റജിസ്ട്രാർക്ക് കത്തുനൽകിയിരുന്നു. അസുഖബാധിതനായതിനാൽ കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ഉന്നയിച്ച ആവശ്യം.