കേരള സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കി

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ പൂർണ്ണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കി. സുരക്ഷാ പദ്ധതി, അവസാന നിമിഷം മാത്രമേ കേരള പൊലീസിനു കൈമാറൂവെന്നാണ് വിവരം. കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷയായിരിക്കും പ്രധാനമന്ത്രിയ്ക്കായി ഒരുക്കുക. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിൽ സംസ്ഥാനത്തെത്തുകയും ചെയ്്തു.

പോലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനം വേണ്ടിവരുന്ന ജോലികൾ മാത്രമാണ് നിലവിൽ പോലീസിനെ ഏൽപിച്ചിട്ടുള്ളത്. സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഐ ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണോ സുരക്ഷാ പ്ലാൻ ചോർന്നതെന്ന സംശയം നിലനിൽക്കുന്നുണ്ട്.