എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐറ്റിയുമായും ബന്ധമില്ല. ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ സൊസൈറ്റി

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐറ്റിയുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി. ആരോപണങ്ങൾ വ്യാജമാണെന്നും ഈരാളുങ്കൽ സൊസൈറ്റി അറിയിച്ചു. AI ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട SRIT എന്ന കമ്പനിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS) നെ ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങൾ ചില വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉന്നയിക്കുന്നതായി കാണുന്നു. എന്നാൽ AI ക്യാമറ പദ്ധതിയുമായി ULCCS ന് ഒരു ബന്ധവും ഇല്ലെന്നു വ്യക്തമാക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ULCCS ന്റെ ഡയറക്ടർമാരും അല്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

ബംഗളൂർ ആസ്ഥാനമായ എസ്.ആർ.ഐ.റ്റി. (SRIT India Pvt Ltd.). അവർ ഒരു ആശുപത്രി സോഫ്റ്റ്വെയർ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT-യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ല.

എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്‌സൈറ്റുകളിൽൽ എസ്.ആർ.ഐ.റ്റി. എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും SRIT എന്നു കേൾക്കുന്നിടത്തെല്ലാം ULCCS-നെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. SRIT അല്ല ULCCS SRIT. SRIT സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്.ആർ.ഐ.റ്റി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാർത്ഥ എസ്ആർഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.

SRIT തന്നെ ഇക്കാര്യം വ്യക്തമാക്കിയത് മുമ്പ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു: https://tinyurl.com/y6ehunrr . വസ്തുതകൾ ഇതാണ്.

SRIT യുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ULCCS ന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ULCCS നെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽനിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വിശദമാക്കുന്നു.