തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് ഏറെക്കുറെ സമാനമായ ഭക്ഷണമായിരിക്കും തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലും നല്‍കുകയെന്ന് സൂചന. ഇതില്‍ കേരളീയ വിഭവങ്ങളും ഉള്‍പ്പെടുത്തും.
എക്സിക്യൂട്ടീവ് കോച്ചില്‍ പ്രഭാതഭക്ഷണമായി ഇടിയപ്പവും കടലക്കറിയും പാലപ്പവും കടലക്കറിയും ഉപ്പുമാവ്, പൊങ്കല്‍ എന്നിവയാണ് ഉണ്ടാകുക. ഓട്സ്, മൂസേലി, കോണ്‍ഫ്ലേക്സ്, പാല്, തേന്‍ എന്നിവയും ലഭ്യമാക്കും. കൂടാതെ പഴങ്ങള്‍, കേക്ക്, ഇളനീര്, ശീതളപാനീയം എന്നിവയും എക്സിക്യൂട്ടീവ് കോച്ചില്‍ ലഭിക്കും. വന്ദേഭാരതില്‍ ആദ്യമായി നല്‍കുന്നത് ചായ, കാപ്പി, ഗ്രീന്‍ ടീ, ലമന്‍ ടീ എന്നിവയില്‍ ഏതെങ്കിലുമൊന്നും ബിസ്ക്കറ്റും ആയിരിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി മട്ട അരിയുടെ ചോറ്, നെയ്ചോറ്, പുലാവ്, പുഴുങ്ങലരി ചോറ് എന്നിവയാണ് ഉണ്ടാകുക. കറികളായി സാമ്പാര്‍, പരിപ്പ് കറി, വെജ് കുറുമ, പനീര്‍ ചെട്ടിനാട് എന്നിവയും ഉണ്ടാകും. വൈകിട്ട് പഴംപൊരി, ചീസ് സാന്‍വിച്ച്, ഹല്‍വ, കേക്ക്, കടലമിഠായി, കുടിക്കാനായി ചായ, കാപ്പി, ഗ്രീന്‍ ടീ, ലെമന്‍ ടീ, ഇളനീര്, ശീതളപാനീയം, ലസ്സി എന്നിവയും ലഭ്യമാകും.
അതേസമയം, വന്ദേഭാരതില്‍ ഭക്ഷണം വേണ്ടാത്തവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അത് ഒഴിവാക്കാനുള്ള അവസരം ഉണ്ടാകും. 65 രൂപ മുതല്‍ 350 രൂപ വരെയാണ് ഭക്ഷണത്തിന് ഈടാക്കുക. തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം സഞ്ചരിക്കുന്ന യാത്രക്കാരന് 65 രൂപയുടെ ഭക്ഷണം ലഭിക്കും. ഒരേ ദൂരത്തിലുള്ള യാത്രയാണെങ്കിലും ചെയര്‍കാറിലെയും എക്സിക്യൂട്ടീവ് കോച്ചിലെയും ഭക്ഷണനിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. ചെയര്‍കാറില്‍ കുറഞ്ഞനിരക്കില്‍ 65 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചില്‍ കുറഞ്ഞനിരക്കില്‍ 105 രൂപയുടെയും ഭക്ഷണമാണ് നല്‍കുക. തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ സഞ്ചരിക്കുന്നയാള്‍ക്ക് ചെയര്‍കാറില്‍ 290 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചില്‍ 350 രൂപയുടെയും ഭക്ഷണം നല്‍കും. ഇതില്‍ ജ്യൂസ് ഉള്‍പ്പടെ ഉണ്ടാകും.

