കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.

വന്ദേഭാരതിന്റെ സി2 കോച്ചില്‍ വെച്ച് വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 10.50ഓടെയാണ് പ്രധാനമന്ത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും. തിരുവനന്തപുരം, കഴക്കൂട്ടം, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം, തിരുവനന്തപുരം- ഷൊര്‍ണൂര്‍ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവര്‍ധന, തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവയുടെ ശിലാസ്ഥാപനം, കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗല്‍- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ അദ്ദേഹം നാടിന് സമര്‍പ്പിക്കും. നേമം, കൊച്ചുവേളി ടെര്‍മിനല്‍ വികസനപദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി.