ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്‌

ഗൂഗിള്‍ ക്രോം ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് അവഗണിച്ചാല്‍ യൂസര്‍മാരെ വലിയ കുഴപ്പത്തിലാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗൂഗിള്‍ പതിവായി അപ്‌ഡേറ്റുകള്‍ പുറത്തിറക്കുന്നുണ്ട്. ഗൂഗിള്‍ കണ്ടെത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സെക്യൂരിറ്റി പാച്ചുകളുമായാണ് പുതിയ അപ്‌ഡേറ്റുകള്‍ എത്താറുള്ളത്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അത്തരത്തിലുള്ള ഒരു അപകടസാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. 112.0.5615.121- വേര്‍ഷന് മുമ്ബുള്ള ക്രോം ബ്രൗസര്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗൂഗിള്‍ ക്രോമില്‍ ഒരു അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് വെളിപ്പെടുത്തിയത്. ഒരു സൈബര്‍ ആക്രമണകാരിക്ക് അവര്‍ ലക്ഷ്യമിടുന്ന സിസ്റ്റത്തില്‍ അനിയന്ത്രിതമായ പ്രവേശിക്കാനും ഹാക്ക് ചെയ്യാനും മറ്റ് പല രീതിയില്‍ ദുരുപയോഗം ചെയ്യാനും അനുവദിക്കുന്ന വലിയ സുരക്ഷാ പിഴവാണ് കണ്ടെത്തിയിരിക്കുന്നത്.