വിവാദം; കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രണ്ട് ഉപാദ്ധ്യക്ഷന്മാർ രാജിവെച്ചു

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രണ്ട് ഉപാദ്ധ്യക്ഷന്മാർ രാജിവെച്ചു. വിശാഖ് പത്തിയൂർ, എൻ. അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. എൻ.എസ്.യു. നേതൃത്വത്തിന് ഇവർ രാജിക്കത്ത് നൽകി. കെഎസ്‌യുവിന്റെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പുനഃസംഘടനാ പട്ടിക പുറത്ത് വന്നതോടെ കോൺഗ്രസിൽ വലിയ വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും കാരണമായിരുന്നു. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് വലിയ മാറ്റമാണ് വരുത്തിയതെന്നും ആരോപണമുണ്ട്. വി ടി ബൽറാമിന്റെയും അഡ്വക്കേറ്റ് ജയന്തിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടിക ദേശീയ നേതൃത്വത്തിലേക്ക് എത്തിയപ്പോൾ കെ സി വേണുഗോപാലും വി ഡി സതീശനും ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. തങ്ങളുടെ ഇഷ്ടക്കാരെ പട്ടികയിൽ കുത്തിനിറച്ചെന്ന വിമർശനവും ഉയർന്നിരുന്നു.

വലിയ തോതിലുള്ള അട്ടിമറികൾ എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികയിൽ നടന്നുവെന്നാണ് വിവരവും പുറത്തു വരുന്നുണ്ട്. ഇവർ നൽകിയ പട്ടികയിൽ പേരുണ്ടായിരുന്ന പലരെയും ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ 14 ജില്ലകളിൽ 10 ജില്ലകളിലും അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത് എ ഗ്രൂപ്പ് പ്രതിനിധികളാണ്. എന്നാൽ, ഇപ്പോൾ ഇത് അഞ്ചിലേക്ക് ചുരുങ്ങി. ഇതിൽ എ ഗ്രൂപ്പിന് കനത്ത അമർഷമുണ്ട്. രമേശ് ചെന്നിത്തല നൽകിയ പല പേരുകളും ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. പല ജില്ലാ അധ്യക്ഷസ്ഥാനത്തേക്കും കെ സി വേണുഗോപാലിന് താൽപര്യമുള്ളവരെയാണ് തിരുകി കയറ്റിയതെന്നും പറയപ്പെടുന്നു.

അതേസമയം, പ്രായപരിധി കഴിഞ്ഞ അഞ്ചുപേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവാഹിതരായ ഏഴുപേർ ഉണ്ടെന്നുമുള്ള വിമർശനവും ഉയർന്നിരുന്നു. ഇവർ രാജിവെക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന കമ്മിറ്റിക്ക് ചുമതല ഏറ്റെടുക്കാനുള്ള അവസരം നൽകില്ലെന്നമാണ് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ സ്വീകരിച്ച നിലപാട്. ഇപ്പോഴും പട്ടികയിൽ വിവാഹിതരായ അഞ്ചുപേരും പ്രായപരിധി കഴിഞ്ഞ അഞ്ചുപേരും തുടരുന്നുണ്ട്. ഇവർ ഉടൻ രാജിവെക്കുമെന്നാണ് പുറത്തു വരുന്ന വിവരം.