ട്രാഫിക് സുരക്ഷയുടെ പേരിൽ അഴിമതി; എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

തൃശ്ശൂർ: സംസ്ഥാനത്തെ എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയുടെ പേരിൽ അഴിമതി നടത്തുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ കെൽട്രോൺ ഉപകരാർ നല്കിയില്ലെന്ന വാദം രമേശ് ചെന്നിത്തല തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ താൻ ചോദിച്ചപ്പോൾ രേഖകൾ തന്നില്ല. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നു. കമ്പനികൾക്ക് മുൻപരിചയമില്ല. പദ്ധതിക്കുള്ള തുക സർക്കാർ വർധിപ്പിച്ചതിലും ദുരൂഹതയുണ്ട്. പോലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തതുകൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത് 2020 ജൂണിലാണ്. അന്ന് സർക്കാർ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാൽ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല. സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണ്. വിഷയം താൻ ഉന്നയിച്ച ഘട്ടത്തിന് ശേഷവും സർക്കാർ മറുപടി തന്നില്ല. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ, പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മുൻനിർത്തിയുള്ള കൊള്ളയാണിത്. എസ്ഐആർടി എന്ന ബംഗളൂരു കമ്പനിയ്ക്ക് കെൽട്രോൺ കരാർ നൽകി. അവർക്ക് ഇതിൽ പരിചയം ഇല്ലായിരുന്നു. ഈ കരാർ നൽകിയെ ടെണ്ടറിലും അവ്യക്തതയുണ്ട്. എസ്ഐആർടി മറ്റ് രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി. 151. 22 കോടിക്കാണ് കെൽട്രോൺ എസ്ഐആർടിക്ക് കരാർ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റർ ലൈറ്റ്നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്നോളജീസ് എന്നീ കമ്പനികൾക്കാണ് എസ്ഐആർടി ഉപകരാർ നൽകിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറിൽ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്പനികൾക്കൊന്നും ഈ തരം പദ്ധതികളിൽ യാതൊരു മുൻപരിചയവുമില്ല. ഈ എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോൾ ലൈറ്റ് മാസ്റ്റർ കമ്പനി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്മാറി. സർക്കാർ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു.