രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമല്‍നാഥിനെ നിയോഗിച്ച് നേതൃത്വം

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി കമല്‍നാഥ്. കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ വ്യക്തമാക്കിയതിനിടയിലാണ് പ്രശ്‌ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്റ് നിയോഗിച്ചത്. എന്നാല്‍, മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന പൈലറ്റിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്ടിട്ടില്ല. എന്നാല്‍, രണ്‍ധാവ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയേയും ഖര്‍ഗേയും കണ്ടു.

അതേസമയം, ഈ വര്‍ഷം അവസാനം രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തനിക്കും ഒപ്പമുള്ളവര്‍ക്കും മതിയായ പരിഗണന ലഭിക്കാതെ പൈലറ്റ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് സൂചന. 2020ലെ വിമത നീക്കത്തിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും ഒപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനങ്ങളും നഷ്ടമായത്.