പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതി; പ്രതിയെ വിദഗ്ധമായി കുടുക്കി പോലീസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ അറസ്റ്റ് ചെയ്ത് പോലീസ്. കൊച്ചി കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ജോണിന്റെ പേരിൽ കത്തെഴുതിയത്. ഇക്കാര്യം ഇയാൾ പോലീസിനോട് തുറന്നു സമ്മതിച്ചു.

സേവ്യറാണ് കത്തിന് പിന്നിലെന്ന് ജോണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പോലീസിനോട് ഈ സംശയം ഇയാൾ തുറന്നു പറയുകയും ചെയ്തിരുന്നു. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണിയുടെ ആരോപണം. തുടർന്ന് പോലീസ് സേവ്യറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ, സേവ്യർ കുറ്റം സമ്മതിച്ചില്ല. തുടർന്നാണ് കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധനയിൽ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് ബോധ്യപ്പെട്ടു.

കേരള സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്തിൽ പറഞ്ഞിരുന്നത്. ഒരാഴ്ച മുൻപ് ബിജെപി സംസ്ഥാന ഓഫീസിലായിരുന്നു കത്ത് ലഭിച്ചിരുന്നത്. തുടർന്ന് കത്ത് പോലീസിന് കൈമാറുകയായിരുന്നു. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത് ലഭിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കത്രിക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. പിന്നീട് നടന്ന അന്വേഷണത്തിലൊടുവിലാണ് സേവ്യർ പിടിയിലായത്.