ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നേട്ടം സ്വന്തമാക്കി റഷ്യ. ഫെബ്രുവരി മാസം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത് റഷ്യയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 3.35 ബില്യൺ ഡോളറായിരുന്നു ഫെബ്രുവരി മാസം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി.

2.30 ബില്യൺ ഡോളറിന്റെ എണ്ണയാണ് സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. ഇറാഖ് 2.03 ബില്യൺ ഡോളറിന്റെ എണ്ണയും ഇറക്കുമതി ചെയ്തു. ഏപ്രിലിനും ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 27 ബില്യൺ ഡോളറായി ഉയർന്നുവെന്നും 2023 സാമ്പത്തിക വർഷത്തിൽ ദില്ലിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്‌കോ മാറിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 30 ബില്യൺ ഡോളർ ഇറക്കുമതിയുമായി ഇറാഖായിരുന്നു നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവരാണ് മറ്റ് മുൻനിര കയറ്റുമതിക്കാർ. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യൺ ഡോളറും യുഎസ് 10.05 ബില്യൺ ഡോളറും കുവൈറ്റ് 7.59 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്.