വിജയുടെ രാഷ്ട്രീയ പ്രവേശനം; സര്‍വേ ആരംഭിച്ച് വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍

വിജയ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കുന്നതായി സൂചന. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ തമിഴകത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2026 നിയമസഭ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് തന്റെ ആരാധക സംഘടനായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ വീടുകള്‍ തോറും സര്‍വേ ആരംഭിച്ചതായാണ് സൂചന. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രത്യേക ഫോം മുഖേന സര്‍വേയിലൂടെ ശേഖരിക്കുന്നത്.

അതേസമയം, വിജയ് മക്കള്‍ ഇയക്കം നേരത്തേയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടായിരുന്നുവെങ്കിലും അംബേദ്കര്‍ ജയന്തി പോലെയുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ അംബേദ്കര്‍ ജയന്തി വ്യാപകമായി ആചരിച്ചു. റംസാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നും നടത്തി. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമാക്കിയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി. തീവ്രശ്രമം നടത്തുമ്പോഴാണ് വിജയ്യും രാഷ്ട്രീയ സാധ്യത തേടുന്നത്.

എന്നാല്‍, സിനിമയിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി.യില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് വിജയ് നേരതത്തെയും നേരിട്ടിരുന്നു. അതിനാല്‍, ബി.ജെ.പി.യെ എതിര്‍ത്തു കൊണ്ടുതന്നെയാകും വിജയ്യുടെ രാഷ്ട്രീയ രംഗപ്രവേശമെന്നാണ് കരുതപ്പെടുന്നത്.