പദ്ധതി തയ്യാറാക്കിയത് കെല്‍ട്രോണ്‍, അവര്‍ വിശദീകരിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

‘ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചത്. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു. പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കെല്‍ട്രോണ്‍ വിശദീകരിക്കും. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷം തന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, എ.ഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ‘കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്ക് ഇതില്‍ മുന്‍പരിചയമില്ല. മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് വ്യക്തമാക്കണം. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുണ്ട്, എന്നാല്‍ പിന്നീട് 232 കോടി രൂപയുടെ പദ്ധതി ആയതെങ്ങനെയാണ്’?- ചെന്നിത്തല ചോദിച്ചിരുന്നു.