സംസ്ഥാനത്ത് അതിദാരിദ്ര്യം ഇനി ഇല്ല; പദ്ധതി പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

പത്തനംതിട്ട: സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ലക്ഷ്യമിട്ട് മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി ചടങ്ങില്‍ മുഖ്യാതിഥിയാകും.

തദ്ദേശ സ്വയംഭരണ, ഏക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാവും. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍ നിര്‍വഹിക്കും. അതിദരിദ്രര്‍ക്കുള്ള ആരോഗ്യ ഉപകരണ വിതരണം ആരോഗ്യം, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും. അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാറും നിര്‍വഹിക്കും.

‘അവകാശം അതിവേഗം പദ്ധതി’ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി. ഓരോ കുടുംബത്തിന്റെയും അതിദാരിദ്ര്യാവസ്ഥ മാറ്റുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാനുകള്‍ തയാറാക്കുന്നതിനോടൊപ്പം ഗുണഭോക്താക്കളില്‍ അവകാശരേഖകള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍വേണ്ടി പ്രത്യേക പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു.