ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ച നേരിടുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ച നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങൾക്കു മുൻപ് വിദ്യാഭ്യാസ രംഗത്ത് മുന്നേറിയ സംസ്ഥാനമാണ് കേരളം എന്നിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണ്. അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇതു സംബന്ധിച്ച് ഒരു വർഷം തുടർച്ചയായി സംവാദം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം. നാല് കേരള സഭകൾ നടന്നിട്ടും എന്ത് പ്രയോജനമുണ്ടായെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രതിപക്ഷ വിമർശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വിമർശനങ്ങൾ യുവം പരിപാടിക്ക് കൂടുതൽ പ്രചാരം നൽകുകയാണ്. എല്ലാവരും യുവാക്കളുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. കെ കരുണാകരന് ശേഷം ദിശാബോധമുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും കരുണാകരന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.