ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളിയ സൂററ്റ് സെഷൻസ് കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിജെപി. നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയമാണിതെന്ന് ബിജെപി വക്താവ് സംപത് പാത്ര വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്. രാഹുൽ ഗാന്ധി നിയമത്തിന് മുകളിൽ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്ക് രാജ്യത്തോട് മാപ്പ് ചോദിക്കാനുള്ള സമയം ഇനിയും ഉണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. മോദിയെ ആക്രമിച്ച് പിന്നോക്കക്കാരെ അപമാനിക്കാനുള്ള കോൺഗ്രസ് ശ്രമം ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

