തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നടപടിയില്‍ സന്തോഷം ഉണ്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ഏപ്രില്‍ 25-ന് തിരുവനന്തപുരത്ത് വച്ചാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ്ഓഫ്. വേഗമേറിയ യാത്രയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയും പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതിയും വന്ദേ ഭാരത് എത്തുന്നതോടെ പരിഹാരമാകുമെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, രണ്ടാം ട്രയല്‍ റണ്ണിന്റെ ഭാഗമായി പുലര്‍ച്ചെ 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഉച്ചയ്ക്ക് 1.10ന് കാസര്‍കോട്ട് എത്തി. 7 മണിക്കൂര്‍ 50 മിനിറ്റാണ് ട്രെയിന്‍ കാസര്‍കോട്ട് എത്താന്‍ എടുത്ത സമയം. തുടര്‍ന്ന് 2.25ന് ട്രെയിന്‍ കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.

