ദേശീയ പാർട്ടി പദവി പിൻവലിക്കൽ; അമിത് ഷായുടെ സഹായം തേടിയെന്ന ആരോപണം നിഷേധിച്ച് മമത

കൊൽക്കത്ത: സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചുവെന്ന ആരോപണത്തിന് മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിനു പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചുവെന്നായിരുന്നു ഉയർന്ന ആരോപണങ്ങൾ. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ഇത്തരത്തിലുള്ള പ്രചാരണം തന്നെ ഞെട്ടിച്ചതായി മമത വ്യക്തമാക്കി. ഈ ആരോപണം ശരിയാണെന്ന് തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണെന്നും മമത അറിയിച്ചു. തന്റെ പാർട്ടിയുടെ പേര് ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്നു തന്നെയായിരിക്കും. ഇതിൽ ബിജെപിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും തങ്ങൾ ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നും മമത വ്യക്തമാക്കി.

ചില സമയങ്ങളിൽ നിശബ്ദത വിലപ്പെട്ടതാണ്. പ്രതിപക്ഷത്തിന് ഒത്തൊരുമയില്ലെന്ന് കരുതരുത്. തങ്ങൾ എല്ലാവരും ഇവിടെയുണ്ട്. പരസ്പരം ബന്ധം പുലർത്തുന്നുണ്ട്. എല്ലാവരും ഒന്നിക്കുമ്പോൾ അതൊരു ചുഴലിക്കാറ്റായിരിക്കുമെന്നും മമത ചൂണ്ടിക്കാട്ടി.